നെന്മാറ: പൗരോഹിത്യത്തിന്റെ 30 വർഷം പൂർത്തിയായ ഫാ. റോയ് അഗസ്റ്റിൻ കുളത്തിങ്കൽ, ഫാ. ജോഷ്ട്രോം ഐസക് കുരീത്തടം എന്നീ പുരോഹിതരുടെ ജൂബിലി ആഘോഷവും കൃതജ്ഞതാ ബലിയർപ്പണവും അനുമോദനയോഗവും കലാപരിപാടികളും ഇന്ന് ക്രിസ്തുരാജ പള്ളിയിൽ നടക്കും. ഇന്ന് രാവിലെ 8.45 ന് സ്വീകരണവും തുടർന്ന് വിശുദ്ധ കുർബാനയും ഇവരുടെ കാർമികത്വത്തിൽ നടക്കും.
ഫാ. റോയ് കുളത്തിങ്കൽ 1996 ജനുവരി ഒന്നിന് പാലക്കാട് രൂപതാധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്തിൽ നിന്നും പട്ടം സ്വീകരിച്ചു. മണ്ണാർക്കാട് ഹോളി സ്പിരിറ്റ് ഫൊറോന പള്ളി അസിസ്റ്റന്റ് വികാരിയായും ഡിവൈൻ പ്രൊവിഡൻസ് ചർച്ച് ചന്ദ്രനഗർ വികാരിയായും കല്ലേപ്പുള്ളി സെന്റ് മേരീസ് മൈനർ സെമിനാരി വൈസ് റെക്ടർ, പ്രൊക്യുറേറ്ററായും, സെന്റ് മേരീസ് ചർച്ച് പാലക്കയം, സെന്റ് തോമസ് ചർച്ച് ചീനിക്കപ്പാറ, ഇൻഫന്റ് ജീസസ് ചർച്ച് വഴിക്കടവ്, സെന്റ് ബർണഡിറ്റ ചർച്ച് വട്ടപ്പാറ എന്നിവിടങ്ങളിൽ വികാരിയായും, ജർമനിയിലെ എഹെകിർച്ചെനിലെ സെന്റ് സ്റ്റീഫൻസ് ചർച്ചിൽ അസിസ്റ്റന്റ് വികാരിയായും, പിന്നീട് ജർമനിയിൽ മരിയോ റെയ്നിഗംഗ് വൈദോഫെൻ ആൻഡ് സെന്റ് മൈക്കൽ ബ്രൂണൻ ആൻഡ് സെന്റ് മാർഗരേറ്റ ഹോഹെൻറിഡ് വികാരിയായും പ്രവർത്തിച്ചു.
യോജിത മാനവ വികസനത്തിനായുള്ള വത്തിക്കാൻ സംഘത്തിൽ പ്രവർത്തിക്കുന്ന ഫാ. ജോഷ്ട്രോം ഐസക് കുരീത്തടം പരിസ്ഥിതിയും സൃഷ്ടിയും വിഭാഗത്തിന്റെ സംഘാടകനാണ്. റോമിലെ സലേഷ്യൻ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ ഫിലോസഫി ഓഫ് സയൻസിന്റെ മേധാവിയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആന്റ് പൊളിറ്റിക്കൽ സയൻസിന്റെ ഡയറക്ടറുമാണ്.
ഫാ. ജോഷ്ട്രോം 1985 മുതൽ സലേഷ്യൻ സഭാംഗമാണ്. 1996ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 1989ൽ പൂനെ ജ്ഞാനദീപ വിദ്യാപീഠത്തിൽനിന്ന് ഫിലോസഫിയിൽ ബിരുദാനന്തര ബിരുദം നേടി. 1997ൽ റോമിലെ സലേഷ്യൻ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽനിന്ന് ദൈവശാസ്ത്രത്തിൽ മാസ്റ്റേഴ്സ് ബിരുദം കരസ്ഥമാക്കി. റോമിലെ ജോർജിയൻ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽനിന്ന് പാരിസ്ഥിതിക തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ഫാ. ജോഷ്ട്രോം ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിൽ ഗവേഷകനായും പ്രവർത്തിച്ചിട്ടുണ്ട്. ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ താമരശേരി, കൈക്കാരന്മാർ മറ്റു ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.